Tuesday, March 26, 2013

സുകുമാരി ഇനി ഓര്‍മ്മsukumari
ചെന്നൈ: നടി സുകുമാരി(73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. പൂജാമുറിയില്‍ നിന്ന് പൊള്ളലേറ്റ് ദീര്‍ഘനാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.രണ്ടായിരത്തിലെറെ സിനിമകളില്‍ വേഷമിട്ട സുകുമാരി കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തെന്നിന്ത്യന്‍ സിനിമകളില്‍ സജീവ സാന്നിധ്യമായിരുന്നു. പൂജാമുറിയിലെ വിളക്കില്‍ നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 25നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയിലെത്തി സുകുമാരിയെ സന്ദര്‍ശിച്ചിരുന്നു.
1940ല്‍ തമിഴ് നാട്ടിലെ നാഗര്‍കോവിലിലാണ് സുകുമാരി ജനിച്ചത്. തെന്നിന്ത്യന്‍ സിനിമയില്‍ തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്ന നിലയില്‍ പ്രശസ്തരായിരുന്ന ലളിത, പത്മിനി, രാഗിണിമാരുടെ ബന്ധു കൂടിയായ സുകുമാരി പത്താം വയസില്‍ ഒരറിവ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തസ്കരവീരനാണ് ആദ്യ മലയാള ചിത്രം. പിന്നീട് ചേട്ടത്തി, കുസൃതിക്കുട്ടന്‍, കുഞ്ഞാലിമരക്കാര്‍, തച്ചോളി ഒതേനന്‍, യക്ഷി, കരിനിഴല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സുകുമാരി മലയാളത്തില്‍ ശ്രദ്ധേയയായി. 21-ാമത്തെ വയസ്സില്‍ 'പട്ടിക്കാട് പട്ടണമാ' എന്ന ചിത്രത്തില്‍ ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്ന അപൂര്‍വതയും സുകുമാരിയ്ക്ക് മാത്രം സ്വന്തമാണ്.
തിക്കുറിശി, സത്യന്‍, പ്രേംനസീര്‍ എന്നിവര്‍ നായകവേഷങ്ങളില്‍ നിറഞ്ഞുനിന്ന കാലം മുതല്‍ തിരക്കുള്ള സഹനടിയാണ് സുകുമാരി. ഓമനക്കുട്ടന്‍, അമ്മു, ഭൂമിയിലെ മാലാഖ, കളഞ്ഞുകിട്ടിയ തങ്കം, കായംകുളി കൊച്ചുണ്ണി, തച്ചോളി ഒതേനന്‍, യക്ഷി, ചേട്ടത്തി, കുഞ്ഞാലി മരക്കാര്‍, അന്വേഷിച്ചു കണ്ടെത്തിയില്ല, ഉദ്യോസ്ഥ, അശ്വമേധം, ശ്യാമളച്ചേച്ചി, കുപ്പിവള, ചിത്രമേള, നഗരമേനന്ദി, ഖദീജ, കളക്ടര്‍ മാലതി, അനാഛാദനം തറവാട്ടമ്മ, ലക്ഷപ്രഭു, തുടങ്ങി അറുപതുകളില്‍ നിരവധി ചിത്രങ്ങളില്‍ സുകുമാരി ശ്രദ്ധേയമായ വേഷം ചെയ്തു.
പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ചിത്രങ്ങളിലൂടെ ഹാസ്യവും തനിക്ക് വഴങ്ങുമെന്ന് സുകുമാരി തെളിയിച്ചു. പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം എന്നിവയിലെ അഭിനയും ഇന്നു പ്രേഷകമനസ്സില്‍ മായാത്ത ഓര്‍മയാണ്. നമ്മഗ്രാമം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള 2010 ലെ ദേശീയ പുരസ്കാരം നേടിയ സുകുമാരിയ്ക്ക് 2003ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 1974, 1979, 1983, 1985 വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവും സുകുമാരിയെത്തേടിയെത്തി.
ഇന്ത്യയിലെ മിക്ക ഭാഷകളിലും സുകുമാരി അഭിനയിച്ചിട്ടുണ്ട്. ഏത് ഭാഷയിലായാലും സ്വന്തം ശബ്ദത്തില്‍ ഡബ്ബ് ചെയ്യുന്ന ചുരുക്കം ചില താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സുകുമാരിപരേതനായ ഭീംസിംഗ് ആണ് സുകുമാരിയുടെ ഭര്‍ത്താവ്. സുകുമാരിക്ക് 30 വയസ്സുള്ളപ്പോഴായിരുന്നു ഭര്‍ത്താവിന്റെ മരണം. മകന്‍ ഡോ. സുരേഷ്.
Asia net

No comments:

Post a Comment