Wednesday, February 6, 2013

കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തില്‍, അധികൃതര്‍ക്ക് നിസ്സംഗത




മഞ്ചേശ്വരം : കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോഴും അധികൃതര്‍ക്ക് നിസ്സംഗത. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ തുമിനാട്, കുഞ്ചത്തൂര്‍, പദവ് എന്നീ പ്രദേശങ്ങളിലാണ് കുടിവെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലായിരിക്കുന്നത്.

കേരള വാട്ടര്‍ അതോറിറ്റി സ്ഥാപിച്ച പൈപ്പ് ലൈനിന്റെ മൊട്ടോര്‍ കേടായതിനെത്തുടര്‍ന്നാണ് ഇവിടെ കുടിവെള്ള വിതരണം താറുമാറായത്. ഇരുപത് ദിവസത്തോളമായി ഈ പ്രദേശങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട്. ഇതിനെത്തുടര്‍ന്ന് ബന്ധപ്പെട്ടവരോട് പരാതിപ്പെട്ടെങ്കിലും മാന്യമായി സംസാരിക്കാന്‍ പോലും അധികൃതര്‍ കൂട്ടാക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രദേശത്ത് കുടിവെള്ള വിതരണം താറുമാറായതോടെ ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. കുടിക്കാനും, കുളിക്കാനും മറ്റാവശ്യങ്ങള്‍ക്കും വെള്ളമില്ലാതെ ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോട് പരാതിപ്പെട്ടെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മഞ്ചേശ്വരം കണ്‍സ്യൂമര്‍ സൊസൈറ്റിയില്‍ നാട്ടുകാര്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ സൊസൈറ്റി അധികൃതര്‍ സ്ഥലം സന്ദര്‍ശിക്കുകയും ജനങ്ങളുടെ പരിതാപകരമായ അവസ്ഥ മനസ്സിലാക്കി. സൊസൈറ്റി അധികൃതര്‍ ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ ഇയാള്‍ അസഭ്യം പറയുകയും ഫോണ്‍ കട്ട് ചെയ്യുകയുമായിരുന്നുവെന്നും പരാതിയുണ്ട്. പിന്നീട് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയറോട് കുടിവെള്ള പ്രശ്‌നം സംബന്ധിച്ച് കാര്യങ്ങള്‍ സൊസൈറ്റി അധികൃതര്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇദ്ദേഹവും സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ടിനും നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയായും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു.

വാട്ടര്‍ അതോറിറ്റി എഞ്ചിനീയറുടെ നിസ്സംഗത മനോഭാവത്തിനെതിരെ കണ്‍സ്യൂമര്‍ സൊസൈറ്റി അധികൃതര്‍ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മാനേജിംഗ് ഡയരക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

ജനങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാത്ത ബന്ധപ്പെട്ടവരുടെ നിലപാട് നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

No comments:

Post a Comment